കാഷ്വൽ ലീവ് അംഗീകൃത അവധിയല്ല. സേവനച്ചട്ടങ്ങളനുസരിച്ച് അവധിയെന്നതിന്റെ നിർവചനത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ള സാധാരണ അവധികളോ പ്രത്യേക അവധികളോ എടുക്കുന്ന ഉദ്യോഗസ്ഥൻ തന്‍റെ കൃത്യ നിർവ്വഹണത്തിൽ നിന്നു വിട്ടുനിന്നതായി കണക്കാക്കപ്പെടുന്നു. എന്നാല്‍ കാഷ്വല്‍ ലീവിലായ ദിവസങ്ങളിൽ ജീവനക്കാരൻ ജോലിയിൽ നിന്നു വിട്ടുനിന്നതായി കണക്കാക്കുന്നില്ല.
പാർട്ട് ടൈം കണ്ടിജൻസിക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക്, ഓരോ കലണ്ടര്‍ വർഷത്തിൽ ഇരുപതു ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കാം. (പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്കായുള്ള സ്പെഷ്യൽ റൂൾസ് ചട്ടം 14 (പൊതുഭരണ വകുപ്പിന്റെ 22-12-79-ലെ 670/3 -ാം നമ്പർ വിജ്ഞാപനം എസ്.ആർ.ഒ. 26/80, 8-1-80-ലെ 2-ാം നമ്പർ ഗവ. ഗസറ്റിൽ പ്രസിദ്ധീകരിച്ചത്) അനുസരിച്ചാണ് അവർക്ക് കാഷ്വൽ ലീവ് പ്രതിവർഷം പരമാവധി 20 ദിവസമായി വർദ്ധിപ്പിച്ചത്).
എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാർക്ക് ഒരു കലണ്ടര്‍ വർഷത്തിൽ പരമാവധി പതിനഞ്ചു ദിവസത്തെ കാഷ്വൽ ലീവേ അനുവദിക്കാവൂ .
ഒരു വർഷത്തിൽ താഴെമാത്രം സർവ്വീസുള്ള ജീവനക്കാർക്ക് ആഫീസ് തലവന്റെ യുക്തമനുസരിച്ച്, സേവനദൈർഘ്യം പരിഗണിക്കാതെതന്നെ ഈ നിരക്കിൽ കാഷ്വൽ ലീവ് അനുവദിക്കാവുന്നതാണ്.
പരമാവധി ഒരു വർഷത്തേയ്ക്ക് അനുവദിക്കാവുന്ന കാഷ്വൽ ലീവിന്റെ എണ്ണമാണ് ചട്ടത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ, അത്രയും ദിവസത്തെ അവധിക്ക് ഒരു ജീവനക്കാരന് അവകാശമുള്ളതായോ അർഹതയുള്ളതായോ പരിഗണിച്ചുകൂട. കാഷ്വൽ ലീവ് ഒഴിവുദിവസങ്ങളോടു ചേർന്നുവന്നാൽ രണ്ടും കൂടി ആകെ 15 ദിവസത്തിൽ കവിയാൻ പാടില്ല. പാർട്ട് ടൈം അദ്ധ്യാപകർക്ക് ഒരു വർഷത്തിൽ 15 ദിവസംവരെ കാഷ്വൽ ലീവ് അനുവദിക്കാവുന്നതാണ്.
ഒരു ആഫീസിലെ കീഴ്‌ജീവനക്കാർക്ക് ആ ആഫീസ് തലവൻ. ആഫീസ് തലവന്മാർക്ക് അവരുടെ തൊട്ടടുത്ത മേലധികാരി. വകുപ്പദ്ധ്യക്ഷന്മാർക്ക് - സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറി. കീഴ്ജീവനക്കാർ അവധിയെടുക്കുന്നതിനു മുൻപ് അനുവാദം വാങ്ങിയിരിക്കണം. എന്നാൽ, ആഫീസ് തലവന്മാർ കാഷ്വൽ ലീവ് എടുക്കുന്ന വിവരം യഥാകാലം മേലധികാരിയെ അറിയിച്ചാൽ മതി. വകുപ്പദ്ധ്യക്ഷന്മാർ കാഷ്വൽ ലീവ് വിവരം സെക്രട്ടറിയേറ്റിലെ വകുപ്പു സെക്രട്ടറിയെ (Secretary to Govt. of the department concerned) അറിയിക്കണം.
No comments:
Post a Comment