യഥാർത്ഥത്തിൽ ഡ്യൂട്ടി ചെയ്ത ദിവസങ്ങൾ അടിസ്ഥാനമാക്കിയാണ് ആർജ്ജിത അവധി ആർജ്ജിക്കുന്നത്. താഴെപ്പറയുന്ന കാലയളവുകൾ യഥാർത്ഥ ഡ്യൂട്ടിയായി പരിഗണിക്കുന്നതാണ്.
1. ആകസ്മിക അവധി (Casual leave)
2. പ്രത്യേക ആകസ്മിക അവധികൾ (Special Casual leave)
3. നഷ്ടപരിഹാര അവധി (Compensation leave)
4. പ്രവേശന കാലയളവ് (Joining time)
5. ഡ്യൂട്ടിയായി പരിഗണിക്കുന്ന പരിശീലന കാലയളവ് (Training period treated as duty)
6. അവധിയോടൊപ്പം മുൻപും പിൻപും ചേർക്കുന്ന ഒഴിവ് ദിവസങ്ങൾ (Holidays Prefixed / Suffixed to leave)
7. യഥാർത്ഥ ഡ്യൂട്ടിക്കിടയിലുള്ള ഞായറാഴ്ച ഉൾപ്പടെയുള്ള അവധി ദിവസങ്ങൾ.
പ്രസവ അവധി (Maternity Leave) പ്രോബേഷൻ, ഇൻക്രിമെന്റ്, പെൻഷൻ തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഡ്യൂട്ടിയായി പരിഗണിക്കുമെങ്കിലും ആർജ്ജിത അവധി കണക്കാക്കുന്നത് കണിശമായും യഥാർത്ഥ ഡ്യൂട്ടി ചെയ്ത ദിവസങ്ങളെ അടിസ്ഥാനമാക്കി ആയതിനാൽ ആർജ്ജിത അവധി കണക്കാക്കുമ്പോൾ പ്രസവ അവധി ഒഴിവാക്കേണ്ടതാണ്. (Rule 78). ഇത് റൂൾ 100,101 എന്നിവ പ്രകാരമുള്ള എല്ലാ അവധികൾക്കും ബാധകമാണ്.
ആർജ്ജിത അവധി - നിരക്ക്.
- . നോൺ വെക്കേഷൻ വകുപ്പുകളിലെ ഒഫിഷിയേറ്റിംഗ് ജീവനക്കാർ
1. ആദ്യത്തെ ഒരു വർഷം - 1/22 (22 ദിവസത്തെ ഡ്യൂട്ടിക്ക് 1 ദിവസം)
2. രണ്ടാം വർഷം മുതൽ - 1/11 (11 ദിവസത്തെ ഡ്യൂട്ടിക്ക് 1 ദിവസം) നിയമനം സ്ഥിരപ്പെടുത്തിക്കഴിഞ്ഞാൽ (on confirmation) ആദ്യ വർഷത്തെ നിരക്ക് 1/11 ആയി പുനഃക്രമീകരിക്കാവുന്നതാണ്. നിയമനം സ്ഥിരപ്പെടുത്തിയില്ലെങ്കിൽ പോലും മൂന്ന് വർഷത്തെ സേവനം പൂർത്തിയായി കഴിഞ്ഞാൽ ആദ്യവർഷത്തെ ആർജ്ജിത അവധി നിരക്ക് 1/11 ആയി പുനഃക്രമീ കരിക്കാവുന്നതാണ്. (ജി.ഒ(പി)75/2007/ഫിൻ തീയതി 27.02.2007). 27.02.2007 തീയതിയിലോ അതിന് മുമ്പോ റിട്ടയർ ചെയ്തവർക്ക് ഇത് ബാധകമല്ല.)
- . വെക്കേഷൻ വകുപ്പുകളിലെ ഒഫിഷിയേറ്റിംഗ് ജീവനക്കാർ
മുഴുവൻ വെക്കേഷൻ വകുപ്പുകളിലെ ഒഫിഷിയേറ്റിംഗ് ജീവനക്കാർക്ക് ആദ്യ വർഷം വെക്കേഷനും അനുഭവിച്ചില്ലായെങ്കിൽപോലും ആർജ്ജിത അവധിക്ക് അർഹതയുണ്ടായിരിക്കുന്നതല്ല. എന്നാൽ നിയമനം സ്ഥിരപ്പെടുത്തി കഴിഞ്ഞാൽ (on confirmation) വെക്കേഷൻ മുഴുവനും അനുഭവിച്ചില്ലായെങ്കിൽ 1/11 പ്രകാരവും വെക്കേഷന്റെ ഒരു ഭാഗം മാത്രമെ അനുഭവിച്ചിട്ടുള്ളു എങ്കിൽ ആകെ അർഹതപ്പെട്ട ആർജ്ജിത അവധി 30 ദിവസം എന്ന കണക്കിൽ വെക്കേഷൻ കാലയളവിൽ സേവനത്തിലായിരുന്ന ദിവസത്തിന് ആനുപാതികമായി ആർജ്ജിത അവധിക്ക് അർഹതയുണ്ടായിരിക്കും. ഉദാഹരണമായി ആകെയുള്ള 60 വെക്കേഷൻ ദിവസങ്ങളിൽ 20 ദിവസം ജോലി ചെയ്തിരുന്ന ജീവനക്കാരന് 20/60 x 30 = 10 എന്നകണക്കിൽ 10 ദിവസത്തെ ആർജ്ജിത അവധിക്ക് അർഹത യുണ്ടാകും. (Rule 81).
പരമാവധി ആർജ്ജിച്ച് ശേഖരിക്കാൻ കഴിയുന്ന ആർജ്ജിത അവധിയുടെ എണ്ണം 300 ആയി നിജപ്പെടുത്തിയിട്ടുണ്ട്. (Rule 78). (ജി.ഒ.(പി)3000/ 98/ഫിൻ തീയതി 25.11.1998.
ആർജ്ജിത അവധി - വിനിയോഗിക്കാൻ കഴിയുന്നതിന്റെ പരമാവധി.
ഒറ്റ പ്രാവശ്യം വിനിയോഗിക്കാൻ കഴിയുന്ന ആർജ്ജിത അവധിയുടെ എണ്ണം 180 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. (Rule 79). (ജി.ഒ.(പി)520/94/ഫിൻ തീയതി 12.09.94). അതായത് 300 ദിവസത്തെ ആർജ്ജിത അവധി കണക്കിലുണ്ടെങ്കിലും തുടർച്ചയായി 180 ദിവസത്തെ ആർജ്ജിത അവധി മാത്രമെ പരമാവധി അനുവദിക്കാൻ കഴിയു. എന്നാൽ സേവനത്തിൽ നിന്നും വിരമിക്കുന്നതിന് മുന്നോടിയായി (Leave Preparatory to Retirement) അപേക്ഷിക്കുന്നപക്ഷം കണക്കിൽ ശേഷിക്കുന്ന ആർജ്ജിത അവധി - പരമാവധി 300 ദിവസം എന്നതിന് വിധേയമായി അനുവദിക്കാവുന്നതാണ്. (ജി.ഒ.(പി)3000 /98/ഫിൻ തീയതി 25.11.1998).
ആർജ്ജിത അവധി - ടെർമിനൽ സറണ്ടർ
സേവനത്തിൽ നിന്നും വിരമിക്കുന്ന സമയത്ത് ആർജ്ജിത അവധി കണക്കിൽ ശേഷിക്കുന്ന അവധി -പരമാവധി 300 എന്നതിന് വിധേയമായി - സറണ്ടർ ചെയ്യാവുന്നതാണ്. സാധാരണ സറണ്ടറിനെന്നപോലെ അവധി ശമ്പളത്തിനും അർഹതയുണ്ട്. ടെർമിനൽ സറണ്ടറിനും വീട്ട് വാടക ബത്ത, നഗര ബത്ത എന്നിവ അനുവദിക്കാവുന്നതാണ്. എന്നാൽ സർക്കാർ ക്വാർട്ടേഴ്സ് ഉപയോഗിക്കുന്നവർക്ക് വീട്ട് വാടക ബത്ത അനുവദനീയമല്ല. (സർക്കുലർ നമ്പർ12/2004/ഫിൻ തീയതി 12.02.2004). സാധാരണ ആർജ്ജിത അവധി സറണ്ടറിനും ടെർമിനൽ സറണ്ടറിനുമുള്ള പ്രധാന വ്യത്യാസം സാധാരണ സറണ്ടറിന്റെ അവധി ശമ്പളം ശമ്പളത്തിന്റെ കണക്ക് ശീർഷകത്തിൽ നിന്നും നൽകുമ്പോൾ ടെർമിനൽ സറണ്ടർ പെൻഷൻ ആനുകൂല്യമായിട്ടാണ് (Pensionary benefit) നൽകുന്നത്. അതുകൊണ്ട് തന്നെ ടെർമിനൽ സറണ്ടർ അവധി ശമ്പളം ആദായ നികുതി പരിധിയിൽ വരുന്നില്ല.
സസ്പെൻഷനിലിരിക്കുന്ന ഒരു ജീവനക്കാരൻ സേവനത്തിൽ നിന്നും വിരമിച്ചാലോ അല്ലേങ്കിൽ സസ്പെൻഷൻ കാലയളവ് ക്രമപ്പെടുത്തുന്നതിന് മുമ്പ് വിരമിച്ചാലോ അച്ചടക്ക നടപടി അവസാനിപ്പിക്കുന്നതിന് മുമ്പ് ടെർമിനൽ സറണ്ടർ അനുവദിക്കാൻ പാടില്ല. എന്നാൽ സസ്പെൻഷനിലിരിക്കുന്ന ജീവനക്കാരൻ സേവനത്തിലിരിക്കുമ്പോഴോ വിരമിച്ച ശേഷമോ മരിച്ചാൽ ടെർമിനൽ സറണ്ടർ അനുവദിച്ച് നൽകാവുന്നതാണ്. വിരമിച്ച ജീവനക്കാരനിൽ നിന്നും ക്രമപ്രകാരമുള്ള അപേക്ഷ സ്വീകരിക്കാതെ തന്നെ ആർജ്ജിത അവധി ടെർമിനൽ സറണ്ടർ അനുവദിക്കുന്നതിന് തടസ്സമില്ല.
രാജിവയ്ക്കുകയോ പുറത്താക്കുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്ന ജീവനക്കാർക്ക് ടെർമിനൽ സറണ്ടർ ആനുകൂല്യം ലഭിക്കുന്നതല്ല. (സർക്കുലർ നമ്പർ 32/92/ഫിൻ തീയതി 19.06.1992).
സേവനത്തിൽ നിന്നും വിരമിച്ച ജീവനക്കാർക്കും സേവനത്തിലിരിക്കേ മരിച്ചവർക്കും ടെർമിനൽ സറണ്ടർ അനുവദിക്കുന്നതിന് ജീവനക്കാരിൽ നിന്നോ അവകാശികളിൽ നിന്നോ അപേക്ഷ സ്വീകരിക്കേണ്ട ആവശ്യമില്ല. അപേക്ഷ കൂടാതെ തന്നെ അവരുടെ ടെർമിനൽ സറണ്ടർ കാലതാമസം കൂടാതെ മാറി നൽകേണ്ടതാണ്. (സർക്കുലർ നമ്പർ 31/94/ഫിൻ തീയതി 02.06.1994)